2010 ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

അതിജീവനത്തിന്റെ പാട്ടുകള്‍


പഴയ പാട്ടുകാരി പൊരിവെയിലിന്‌ താഴെയുണ്ട്‌

വെയിലിലും ജയഭാരതിയുടെ ചുണ്ടില്‍ ഇശല്‍ മൂളല്‍ നിലക്കുന്നില്ല. നാട്ടിലെ കുളവും റോഡും തോടും നന്നാക്കാനിറങ്ങുമ്പോഴും സ്റ്റേജായ സ്റ്റേ
ജുകളിലെല്ലാം പാടിതിമിര്‍ത്തുനടന്ന ഒരു കാലം ജയഭാരതിക്ക്‌ മുന്നില്‍ നിറഞ്ഞാടുന്നു. .വി.മുഹമ്മദ്‌, കെ.എസ്‌. മുഹമ്മദ്‌ കുട്ടി, വി.എം.കുട്ടി, സീറോ ബാബു, കെ.ജി.സത്താര്‍, എരഞ്ഞോളി മൂസ, തലശ്ശേരി ഉമ്മര്‍ കുട്ടി, പീര്‍ മുഹമ്മദ്‌, എസ്‌..ജമീല്‍, നിലമ്പൂര്‍ ഷാജി, കെ.സി.ചെലവൂര്‍, കോഴിക്കോട്‌ സി..അബൂബക്കര്‍, കെ.വി.അബൂട്ടി തുടങ്ങിയ ഗായകരോടൊപ്പം സ്റ്റേജ്‌ പങ്കിട്ട ജയഭാരതി പട്ടിണി മാറ്റാന്‍ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ജോലി ചെയ്യുകയാണ്‌. കയറികിടക്കാന്‍ പഴയകാല പാട്ടുകാരിക്ക്‌ ഇപ്പോള്‍ വീടില്ലെന്നുകൂടി ഓര്‍ക്കുക.
മാപ്പിളപ്പാട്ട്‌ കേള്‍ക്കുന്നവര്‍ക്കെല്ലാം ജയഭാരതിയെ അറിയാം. അഭിനബി മുത്തിന്റെ മണവാട്ടി....,അഹദത്തിലേ അലിഫ്‌ അലിഫ്‌ലാമകമിയം അലിഫാക്ഷരപൊരുള്‍ ബിസ്‌മില്ല, അരിമക്കലലൈകുത്ത്‌ ബ്‌നുദിനം ഖുര്‍ആനില്‍ അളകുറ്റലൈകുറി ബിസ്‌മില്ല...തരുണിമണി ബീവി ഖദീജ........., മമ്പുറംപൂ മഖാമിലെ മൗലാശരീഫെ വാസിലെ.......വെളുത്ത പിശാചീ മണ്ണില്‍....മക്കപുരി കഅ്‌ബപുരി ദിക്കണക്കള്ളാ...., തുടങ്ങിയ പാട്ടുകള്‍ ജയഭാരതിയില്‍ നിന്നാണ്‌ മലയാളി ഏറ്റവുമേറെ കേട്ടത്‌.
ആകാശവാണിയില്‍ ജയഭാരതിയുടെ ശബ്‌ദം ആവര്‍ത്തിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു. പഴയകാലത്തെ കൊളംമ്പിയ റിക്കാര്‍ഡുകളില്‍ ജയഭാരതിയുടെ പാട്ടുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജയഭാരതിയാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ നൂറു തൊഴില്‍ ദിനം പിന്നിട്ടത്‌. കൊണ്ടോട്ടി പഞ്ചായത്തിലെ നിരവധി തോടുകളും റോഡുകളും ജയഭാരതിയും സംഘവും വൃത്തിയാക്കികഴിഞ്ഞു.
മാപ്പിളപ്പാട്ട്‌ പാടാന്‍ മുസ്‌ലിം സ്‌ത്രീകള്‍ സ്റ്റേജിലെത്താതിരുന്ന കാലത്താണ്‌ ജയഭാരതി മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയയായത്‌. അറബി വാക്കുകള്‍ ഇവരുടെ നാവിന്‌ ഏറെ വഴങ്ങി. ചരിത്രകാരന്‍ കെ.കെ.മുഹമ്മദ്‌ അബ്‌ദുല്‍ കരീമാണ്‌ അറബി വാക്കുകള്‍ ജയഭാരതിയെ പഠിപ്പിച്ചത്‌.
കൊണ്ടോട്ടി വടക്കേക്കുളം എം.കെ.തിയ്യുട്ടിയുടെ മകള്‍ക്ക്‌ പാട്ടിനോട്‌ ചെറുപ്പത്തിലേ പ്രിയമായിരുന്നു. കലയെ സ്‌നേഹിച്ച തിയ്യുട്ടി മകളെയും പാട്ടിന്‌ വിട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. സ്റ്റേജില്‍ നിറഞ്ഞുനിന്ന കാലത്ത്‌ കാസക്‌സ്‌ അവാര്‍ഡ്‌, ഉബൈദ്‌ അവാര്‍ഡ്‌, എം..എസ്‌ യുവജനവേദിയുടെ ഏറ്റവും നല്ല ഗായികക്കുള്ള അവാര്‍ഡ്‌, സംസ്ഥാന മാപ്പിള കലാസാഹിത്യ അക്കാദമി അവാര്‍ഡ്‌... പട്ടിക നീളുന്നു. ആകാശവാണിയില്‍ മുസ്‌ലിം ഭക്തിഗാനങ്ങളും ആകാശവാണിയിലെ തന്നെ യുവവാണി പരിപാടിയില്‍ സംഘഗാനവും കഥാപ്രസംഗവും അവതരിപ്പിച്ചു. ദൂരദര്‍ശനിലും ജയഭാരതി മിന്നിത്തിളങ്ങി. സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ അക്ഷരം കാസറ്റിലും ജയഭാരതിയുടെ പാട്ടുകളുണ്ട്‌. സാക്ഷരതാഗാനമാണ്‌ ജയഭാരതി പാടിയത്‌. .വി.മുഹമ്മദിന്റെ ഗാനമേള ട്രൂപ്പില്‍ സ്ഥിരം ഗായികയായിരുന്ന ജയഭാരതി മുംബൈ, മദ്രാസ്‌, ബാംഗ്ലൂര്‍ എന്നിവടങ്ങളിലും പരിപാടി അവതരിപ്പിച്ചിരുന്നു.
1989 മെയ്‌ മാസത്തില്‍ ഭര്‍ത്താവിന്‌ അപകടത്തില്‍ പരിക്കേറ്റതോടെ വീടു നോക്കേണ്ട ചുമതല കൂടി ജയഭാരതിയില്‍ വന്നുചേര്‍ന്നു. പാട്ടുപാടി ലഭിക്കുന്ന പണം ഭര്‍ത്താവിന്‌ മരുന്നുവാങ്ങാന്‍ പോലും തികയാറില്ല. ഏകമകനെ പഠിപ്പിക്കാനും മറ്റുമായി സ്റ്റേജില്‍ നിന്നിറങ്ങി കൂലിവേലക്ക്‌ പോകാനായി ജയഭാരതി തയ്യാറായി. പാട്ടിനെ അപ്പോഴും ജയ കൈവിട്ടില്ല. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെ പറ്റി അഞ്ചുപാട്ടുകള്‍ ജയ എഴുതി ട്യൂണ്‍ ചെയ്‌തു. ഇത്‌ പുറത്തിറക്കാന്‍ പഞ്ചായത്തിനോട്‌ സഹായം ചോദിച്ച്‌ കാത്തിരിക്കുകയാണ്‌. പാട്ടിനെ വിട്ടൊരു ജീവിതം ജയഭാരതിക്ക്‌ ഇപ്പോഴുമില്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഓപ്പറേഷന്‌ വിധേയയായ ഇവര്‍ക്ക്‌ പാട്ടുപാടാനാകുമോയെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ സംശയമായിരുന്നു. എന്നാല്‍ ജയ വീണ്ടും പാടിക്കൊണ്ടിരുന്നു. കഴിഞ്ഞദിവസം ആശുപത്രി പരിശോധനകള്‍ക്ക്‌ ശേഷം ഡോക്‌ടറോട്‌ ചോദിച്ചത്‌ എനിക്കിനി പാടാന്‍ കഴിയില്ലേ എന്നായിരുന്നു.
ഒറ്റമുറി ക്വാര്‍ട്ടേഴ്‌സിലാണ്‌ പാട്ടുകാരി ഇപ്പോള്‍ താമസിക്കുന്നത്‌. ഇവര്‍ക്ക്‌ സ്വന്തമായി വീടുണ്ടാക്കി കൊടുക്കാനുള്ള ഒരുക്കത്തിലാണ്‌ കൊണ്ടോട്ടിയിലെ കലാസ്‌നേഹികള്‍. കെ.ടി.റഹ്‌മാന്‍ തങ്ങള്‍ ചെയര്‍മാനും പുതിയറക്കല്‍ സലീം കണ്‍വീനറുമായ കമ്മിറ്റി ജയഭാരതിക്ക്‌ ജന്മനാടിന്റെ പുരസ്‌കാരം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. കൊണ്ടോട്ടി ഗവണ്‍മെന്റ്‌ ആശുപത്രിക്ക്‌ സമീപമുള്ള സ്ഥലത്ത്‌ ഇവര്‍ക്ക്‌ വീടുണ്ടാക്കി നല്‍കാനാണ്‌ കമ്മിറ്റിയുടെ തീരുമാനം.
കണ്ണീരിന്‍ കടല്‍ നീന്തും മുസ്‌ലിം പെണ്‍കുട്ടി...എന്ന്‌ തുടങ്ങുന്ന ജയഭാരതി തന്നെ പാടിയ പാട്ടിലെ ദുരന്തനായികയായി ഇവരെ കാലത്തിന്‌ വിട്ടുകൊടുക്കാനാവില്ലെന്ന പ്രതിജ്ഞ കൂടി കമ്മിറ്റിക്കുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ