2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ആരും കാണാത്ത മലപ്പുറത്തിന്റെ കഥ ഇങ്ങിനെയാണ്‌ തുടങ്ങുന്നത്‌

മലപ്പുറത്തെ കനിവിന്‍ കാഴ്‌ച്ചകള്‍
മലപ്പുറം മങ്ങാട്ടുപുലത്തെ ശിവദാസന്റെ ജീവിത കഥ കേള്‍ക്കുക. ശിവദാസന്‍ കൂലിവേലക്ക്‌ പോയില്ലെങ്കില്‍ കുടുംബത്തിന്റെ അടുക്കളയില്‍ വേവാന്‍ അരിയുണ്ടാകില്ല. ശിവദാസന്റെ കഠിനാദ്ധ്വാനം അമ്മയെയും സഹോദരിയെയും പട്ടിണി അറിയിച്ചില്ല. എന്നാല്‍ ഏറെക്കാലം പട്ടിണിയറിയാതെ ജീവിക്കാന്‍ കുടുംബത്തിനായില്ല. കഠിനാദ്ധ്വാനിയായ ശിവദാസന്റെ വൃക്കകള്‍ പണിമുടക്കി. എല്ലാം നഷ്ടമായ ആ കുടുംബം നിന്ന്‌ തേങ്ങി. കടംവാങ്ങിയും മറ്റും ഡയാലിസിസ്‌ ചെയ്‌തുകൊണ്ടിരുന്നു. സമ്പാദ്യമെല്ലാം വിറ്റുപെറുക്കി തെരുവിലിറങ്ങേണ്ട ഗതികേടിലെത്തി. മകന്‌ ആരോഗ്യം തിരിച്ചുകിട്ടിയാല്‍ കുടുംബം പഴയപോലെയാകുമല്ലോ എന്ന ചിന്തയില്‍ ഏകമകന്‌ വൃക്ക നല്‍കാന്‍ അമ്മ തയ്യാറായി. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി അമ്മയുടെ വൃക്ക പുറത്തെടുത്തെങ്കിലും ശിവദാസന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവെക്കാനായില്ല. അമ്മയുടെ വൃക്കയോട്‌ ശിവദാസന്റെ ശരീരം പൊരുത്തപ്പെട്ടില്ല. അമ്മയും മകനും വൃക്കയില്ലാത്തവരായി. ശിവദാസന്‌ ഡയാലിസിസ്‌ തുടര്‍ന്നുകൊണ്ടിരുന്നു. മകനെ ചികിത്സിക്കാനുള്ള പണത്തിനായി സുഖമില്ലാതായിട്ടും അമ്മ കൂലിവേലക്ക്‌ പോയി. കൂലിവേലയും നാട്ടുകാരുടെ സഹായവുമെല്ലാം ഉണ്ടായെങ്കിലും പണമില്ലാത്തതിനാല്‍ ഡയാലിസിസ്‌ പലപ്പോഴും മുടങ്ങി. ആറു മാസം മുമ്പ്‌ അമ്മ മരിച്ചു. അമ്മയുടെ മരണത്തിന്‌ മുന്നില്‍ ശിവദാസന്‍ പകച്ചുനിന്നു. ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി ഫൗണ്ടേഷനും മലപ്പുറം പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ ക്ലിനിക്കുമാണ്‌ ശിവദാസന്‌ ഇപ്പോള്‍ തുണ. പാലിയേറ്റീവിന്റെ വാഹനത്തില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ്‌ മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന്‌ പോകുന്ന ശിവന്‌ ജില്ലാ പഞ്ചായത്ത്‌ സാമ്പത്തിക സഹായവും നല്‍കുന്നു.കോട്ടക്കല്‍ പുത്തൂരില്‍ സ്വന്തമായുണ്ടായിരുന്ന വീടും പുരയിടവുമെല്ലാം വിറ്റാണ്‌ അലവി ഡയാലിസിസ്‌ നടത്തുന്നത്‌. ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ഡയാലിസിന്‌ വേണ്ടി ചെലവിട്ട അലവിക്ക്‌ സ്വന്തം വീടില്ല. ചട്ടിപ്പറമ്പ്‌ ചാഞ്ഞാലില്‍ വാടകക്വാര്‍ട്ടേഴ്‌സിലാണ്‌ കഴിയുന്നത്‌. ഡയാലിസിസിന്‌ ആവശ്യമായ തുക ജില്ലാ പഞ്ചായത്ത്‌ അലവിയുടെ കൈകളില്‍ എത്തിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കണക്കുപുസ്‌തകത്തില്‍ കോടികളുടെ കണക്ക്‌ കാണാം. റോഡുണ്ടാക്കിയും തോട്‌ നന്നാക്കിയുമൊക്കെ ചെലവിട്ട പണത്തിനൊപ്പം ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിച്ചതിന്റെ കണക്കുകള്‍. സംസ്ഥാന സര്‍ക്കാറില്‍ നിന്ന്‌ ലഭിച്ച സഹായത്തിനപ്പുറം ഈ നാട്ടില്‍ നിന്ന്‌ തന്നെ സ്വരൂപിച്ച കോടികളാണിത്‌. കരുണയുടെ കാഴ്‌ച്ചകള്‍ നിറഞ്ഞ ഒരു കണക്കുപുസ്‌തകമാണിത്‌. റോഡും തോടും പാലവുമെല്ലാം ഉണ്ടാക്കാന്‍ ഓടിനടക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മലപപ്പുറം ജില്ലാ പഞ്ചായത്ത്‌ പകര്‍ത്തിവെച്ച കരുണയുടെ പാഠങ്ങള്‍ കണ്ടുപഠിക്കണം. ``ഒരു ജീവന്‍ നല്‍കാനാവില്ല, ജീവന്‍ നിലനിര്‍ത്താന്‍ ചിലത്‌ ചെയ്യാനാകും''. മലപ്പുറം വഴി യാത്ര ചെയ്യുമ്പോള്‍ ഇത്തരം പോസ്റ്ററുകള്‍ എമ്പാടും കാണാം. ഏതെങ്കിലും സാംസ്‌കാരിക സംഘടനകളോ സന്നദ്ധ-മതസംഘങ്ങളോ ഒട്ടിച്ചുവെച്ച പോസ്റ്ററുകളല്ല ഇത്‌. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പണം മുടക്കി അച്ചടിച്ച പോസ്റ്ററുകള്‍ അവശതയനുഭവിക്കുന്നവര്‍ക്കുള്ള സഹായഹസ്‌തത്തിന്റെ നേര്‍ക്കാഴ്‌ച്ചയാകുന്നു. ജില്ലയിലെ ദുരിതമനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക്‌ സഹായമെത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ജില്ലാ പഞ്ചായത്ത്‌ മുന്‍കയ്യെടുത്ത്‌ 2007 ജനുവരിയിലാണ്‌ കിഡ്‌നി പേഷ്യന്റ്‌സ്‌ വെല്‍ഫെയര്‍ സൊസൈറ്റി രൂപീകരിച്ചത്‌. വൃക്കരോഗം കാരണം കഷ്ടപ്പെടുന്ന ആയിരങ്ങളുടെ സങ്കടങ്ങളാണ്‌ സൊസൈറ്റി രൂപീകരിക്കാന്‍ ഇടയാക്കിയത്‌. മറ്റു ചികിത്സകളില്‍ നിന്ന്‌ വ്യത്യസ്‌തമായി വൃക്കരോഗ ചികിത്സക്ക്‌ ചെലവ്‌ ഏറെയാണ്‌. ഡയാലിസിസ്‌ ചെയ്യുകയോ വൃക്ക മാറ്റിവെക്കുകയോ മാത്രമാണ്‌ പ്രതിവിധി. വൃക്ക മാറ്റിവെച്ചാല്‍ തന്നെ പ്രതിമാസം അയ്യായിരത്തിലധികം രൂപ മരുന്നിന്‌ വേണ്ടി വരും. ഇത്തരക്കാരെ സഹായിക്കാനായിരുന്നു പദ്ധതി. 759 രോഗികള്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്‌തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ്‌ ക്ലിനിക്കുകളിലെ വളണ്ടിയര്‍മാര്‍ രോഗികളുടെ വീട്ടിലെത്തി അന്വേഷണ റിപ്പോര്‍ട്ടുണ്ടാക്കി സൊസൈറ്റിക്ക്‌ നല്‍കും. ഓരോ മാസവും അവസാനത്തെ ശനിയാഴ്‌ച്ച ചേരുന്ന ഭാരവാഹികളുടെ യോഗത്തില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കും. സഹായം എത്തിക്കുന്നതിനായി 432 രോഗികളെ തെരഞ്ഞെടുത്തു. ഒരു രോഗിക്ക്‌ ഒരു ഡയാലിസിസിന്‌ 250 രൂപ നിരക്കില്‍ പ്രതിമാസം രണ്ടായിരം രൂപ വരെ നല്‍കും. അടുത്തുള്ള പാലിയേറ്റീവ്‌ ക്ലിനിക്കുകള്‍ വഴിയാണ്‌ സഹായങ്ങള്‍ നല്‍കുന്നത്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു കോടിയിലേറെ രൂപ ഈ സഹായക്കൂട്ടായ്‌മ ചെലവിട്ടുകഴിഞ്ഞു. സഹായം ലഭിച്ചവരില്‍ 137 രോഗികള്‍ മരണപ്പെട്ടു. 35 പേരുടെ കിഡ്‌നി മാറ്റിവെച്ചു. കിഡ്‌നി മാറ്റിവെച്ചവര്‍ക്ക്‌ സൗജന്യനിരക്കില്‍ മരുന്ന്‌ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കിഡ്‌നി മാറ്റിവെച്ച 82 പേരുടെ സഹായഭ്യര്‍ത്ഥന സൊസൈറ്റിക്ക്‌ മുന്നിലുണ്ട്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ പ്രവര്‍ത്തകരെ വലച്ചുകഴിഞ്ഞു. പ്രതിവര്‍ഷം അറുപത്‌ ലക്ഷത്തിലേറെ രൂപയാണ്‌ സൊസൈറ്റിക്ക്‌ വേണ്ടി വരുന്നത്‌. ജില്ലാ പഞ്ചായത്ത്‌ 2006-07 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്ന്‌ ലക്ഷം രൂപയാണ്‌ സൊസൈറ്റിക്ക്‌ വിഭവസമാഹരണം എന്ന നിലയില്‍ ലഭിച്ച ആദ്യതുക. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സൊസൈറ്റി തുക സ്വരൂപിച്ചു. 2008-ല്‍ 16 ലക്ഷവും 2009-ല്‍ 20.5 ലക്ഷം രൂപയും വിദ്യാര്‍ത്ഥികള്‍ നല്‍കി. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ പതിനായിരം രൂപ വരെ സൊസൈറ്റിക്ക്‌ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 42 പഞ്ചായത്തുകള്‍ മാത്രമാണ്‌ സഹായം നല്‍കിയത്‌. ഒരു വര്‍ഷം ആയിരം രൂപ വരിസംഖ്യ നല്‍കാന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ചുരുക്കം ചിലരെ മാത്രമേ ലഭിച്ചുള്ളൂ. മലപ്പുറം മാതൃക ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂസ്‌ ഡേവിഡ്‌ ഫൗണ്ടേഷനെ പോലും ആകര്‍ഷിച്ചു. സൊസൈറ്റിക്ക്‌ രണ്ട്‌ ഡയാലിസിന്‌ മെഷീനുകളാണ്‌ ഫൗണ്ടേഷന്‍ നല്‍കിയത്‌. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ്‌ സൗകര്യമില്ലാത്തതിനാല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ്‌ മെഡിക്കല്‍ കോളേജില്‍ കുറഞ്ഞനിരക്കില്‍ ഡയാലിസിസ്‌ ചെയ്യാന്‍ വേണ്ടി ഈ യന്ത്രങ്ങള്‍ സമര്‍പ്പിച്ചു. സാമ്പത്തിക പ്രയാസം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള കരുണാമയമായ ഈ പദ്ധതിയെ പ്രയാസത്തിലാക്കിയിരിക്കുന്നു. രണ്ടു മാസത്തോളമായി രോഗികള്‍ക്കുള്ള സഹായവിതരണം മുടങ്ങി. തുക സ്വരൂപിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്‌ അധികൃതര്‍. ഈ മാസം 16ന്‌ ക്രിസ്‌ത്യന്‍ പള്ളികളില്‍ വിഭവസമാഹരണം നടത്തി. 21ന്‌ മുസ്‌ലിം പള്ളികളില്‍ നിന്ന്‌ തുക സ്വരൂപിക്കും. കരുണതേടുന്നവരുടെ കരങ്ങളിലേക്ക്‌ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹായങ്ങള്‍ മുമ്പും ഇറങ്ങിവന്നിട്ടുണ്ട്‌. പക്ഷാഘാതം, നട്ടെല്ലിന്‌ ക്ഷതം, കാന്‍സര്‍, എയ്‌ഡ്‌സ്‌, ഹൃദയ ശ്വാസകോശരോഗങ്ങള്‍, വാര്‍ധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക്‌ സഹായം നല്‍കി. ഓരോ പഞ്ചായത്തിലും 150 നും 200നും ഇടയില്‍ രോഗികള്‍ കഷ്ടതയനുഭവിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിരക്ഷ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയത്‌. കിടപ്പിലായ രോഗികള്‍ക്ക്‌ വീടുകളില്‍ ചെന്ന്‌ പരിചരണവും ദീര്‍ഘകാലം മരുന്ന്‌ കഴിക്കാന്‍ സാമ്പത്തികമായി പ്രയാസപ്പെടുന്ന ആളുകള്‍ക്ക്‌ ഗ്രാമപഞ്ചായത്തുകളുടസാമ്പത്തിക സഹായത്തോടെ അനുബന്ധസാമഗ്രികളും ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ മൂന്ന്‌്‌ വര്‍ഷമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി ഇപ്പോള്‍ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ വ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി ആരംഭിക്കുകയാണ്‌ ലക്ഷ്യം. 40 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയില്‍ ഓരോ വര്‍ഷവും പതിനായിരത്തില്‍ പരം മാറാരോഗികള്‍ ഉണ്ടാകുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇത്തരം രോഗികള്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നവരാണ്‌. ഇവരില്‍ 90 ശതമാനവും ദരിദ്രരും വൃദ്ധജനങ്ങളുമാണ്‌. 80 ശതമാനം രോഗികളും കഠിന വേദനയില്‍ കഴിഞ്ഞു കൂടുന്നവരും ഒറ്റപ്പെട്ടവരുമാണ്‌. മരണം വരെ ശക്തമായ വേദന സംഹാരികളും മറ്റ്‌ അവശ്യമരുന്നുകളും കഴിക്കേണ്ടവരും മാനസിക പ്രയാസങ്ങള്‍ അകറ്റി സ്‌നേഹപരിചരണം ലഭിക്കേണ്ടവരുമാണ്‌. ഇത്തരം രോഗികളെ ശാരീരികവും, മാനസികവുമായി പരിചരിക്കാന്‍ 1997 മുതല്‍ മലപ്പുറം ജില്ലാപഞ്ചായത്ത്‌ പദ്ധതി നടപ്പാക്കിവരുന്നുണ്ട്‌. മാനസികം, ബുദ്ധിമാന്ദ്യം, നട്ടെല്ലിന്‌ ക്ഷതം തുടങ്ങിയ ദീര്‍ഘകാല രോഗങ്ങളാല്‍ കഷ്‌ടപ്പെടുന്ന ഏഴായിരത്തിലധികം രോഗികള്‍ ജില്ലയിലുണ്ട്‌. ഇവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. മരണം വരെ ചികിത്സയും പരിചരണവും ആവശ്യമുള്ളവരാണ്‌ ഇവരെങ്കിലും പുനരധിവാസത്തിലൂടെ നില മെച്ചപ്പെടുത്താനാവുമെന്ന്‌ റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ അനുഭവം ബോധ്യപ്പെടുത്തുന്നു. വര്‍ഷങ്ങളായി വീടുകളില്‍ നിന്നും രോഗം മൂലം പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടവരും കിടപ്പിലായവരും മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട്‌. ഇത്തരം ആളുകളുടെ ചികിത്സയില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്‌ തൊഴില്‍ ചെയ്യാനുള്ള അവസരവും പുനരധിവാസവും. ഇത്തരം രോഗികളെ പരിപൂര്‍ണ വിശ്വാസത്തിലെടുത്ത്‌ തൊഴില്‍ നല്‌കുന്നതിനോ പരിശീലനം നല്‌കുന്നതിനോ സമൂഹം താല്‍പര്യം കാണിക്കാറില്ല. ഇവര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യാനും വരുമാനം കണ്ടെത്താനും സാധിക്കുമെന്ന്‌ ജില്ലയിലെ പാലിയേറ്റിവ്‌ കെയര്‍ സെന്ററുകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. ഇത്തരം ആളുകള്‍ നിര്‍മിച്ച കുട, സോപ്പ്‌, ചന്ദനത്തിരി, വാഴനാര്‌ ഉത്‌പന്നങ്ങള്‍, മെഡിസിന്‍ കവര്‍, പേപ്പര്‍ ബാഗ്‌, ഫാന്‍സി ആഭരണങ്ങള്‍, കരകൗശല വസ്‌തുക്കള്‍ എന്നിവ മലപ്പുറം കോട്ടക്കുന്നില്‍ നടന്ന ക്രാഫ്‌റ്റ്‌ മേളയില്‍ വില്‍പനക്കുണ്ടായിരുന്നു. കോഴിക്കോട്‌ കുതിരവട്ടം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്റ്‌ ന്യൂറോ സയന്‍സ്‌ (ഇംഹാന്‍സ്‌) ഡയറക്‌ടര്‍ ഡോ കൃഷ്‌ണകുമാര്‍ ചെയര്‍മാനായി 2005 മുതല്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മലപ്പുറം ഇനീഷ്യേറ്റിവ്‌ ഇന്‍ കമ്യൂണിറ്റി സൈക്യാട്രി (എം ഐ സി പി)യുടെ സഹകരണത്തോടെ ജില്ലയില്‍ 17 സൈക്യാട്രി ക്ലിനിക്കുകളും റിഹാബിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന രോഗികള്‍ പ്രതിമാസ വരുമാനം നേടുന്നുണ്ട്‌. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കി കൊണ്ടിരിക്കുന്ന പല പദ്ധതികളും രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയും മലപ്പുറം മോഡല്‍ എന്ന പേരില്‍ പ്രശംസ പിടിച്ചു പറ്റിയതുമാണ്‌. കരുണയുടെ ഇത്തരം കാഴ്‌ച്ചകള്‍ ഈ നാട്ടില്‍ പൊതിഞ്ഞുവെച്ചിരിക്കുന്നു. ചുറ്റിലും നന്മപടര്‍ത്തി തലമുറകളിലേക്ക്‌ പടര്‍ത്താന്‍ പാകത്തില്‍ ഇതിന്‌ സഹായം നല്‍കേണ്ടത്‌ നന്മ വറ്റാത്ത മുഴുവന്‍ മനസ്സുകളുടെയും ബാധ്യതയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ